Sunday, February 10, 2013

അഫ്സല്‍ ഗുരു : അരുന്ധതി റോയിയുടെ 13 ചോദ്യങ്ങള്‍

13 ചോദ്യങ്ങള്‍
1.മാസങ്ങള്‍ മുമ്പു തന്നെ ഭരണകൂടവും പൊലീസും പാര്‍ലമെന്‍റ് മന്ദിരം ആക്രമിക്കപ്പെട്ടേക്കുമെന്ന് പറഞ്ഞിരുന്നു. 2001 ഡിസംബര്‍ 12ന് പ്രധാനമന്ത്രി വാജ്പേയി അനൗപചാരികമായി പാര്‍ലമെന്‍റ് ആക്രമണത്തെപ്പറ്റി മുന്നറിയിപ്പു നല്‍കി. ഡിസംബര്‍ 13ന് ആക്രമണം നടന്നു. കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ക്കിടയിലും സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പാര്‍ലമെന്‍റ് വളപ്പില്‍ എത്തിയത് എങ്ങനെ?

2. ആക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ദല്‍ഹി പൊലീസിന്‍െറ പ്രത്യേക വിഭാഗം പറഞ്ഞത് ജയ്ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ എന്നീ സംഘടനകള്‍ ചേര്‍ന്ന് നടത്തിയ പദ്ധതിയാണ് അതെന്നാണ്. 1998 ലെ ഐസി 814 വിമാനം റാഞ്ചല്‍ കേസില്‍ പങ്കാളിയായ മുഹമ്മദ് എന്നയാളാണ് നേതൃത്വം നല്‍കിയതെന്നും അവര്‍ പറഞ്ഞു (ഇത് പിന്നീട് സി.ബി.ഐ നിരസിക്കുകയുണ്ടായി). ഇതൊന്നും കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ല. പിന്നെ എന്ത് തെളിവിന്‍െറ ബലത്തിലാണ് സ്പെഷല്‍ സെല്‍ ഇത്തരം വാദങ്ങള്‍ ഉന്നയിച്ചത്?

3. ആക്രമണം മുഴുവനായി ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വി യില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പാര്‍ലമെന്‍റ് അംഗങ്ങളെ കാണിക്കണമെന്ന് കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നതാണ്. സംഭവത്തിന്‍െറ വിശദാംശങ്ങളില്‍ സംശയമുണ്ടെന്ന് പറഞ്ഞ രാജ്യസഭാ ഉപാധ്യക്ഷ നജ്മാ ഹിബത്തുല്ല അതിനെ പിന്താങ്ങുകയും ചെയ്തു. കോണ്‍ഗ്രസ് ചീഫ്വിപ്പ് പ്രിയരഞ്ജന്‍ദാസ് മുന്‍ഷി പറഞ്ഞത് ‘കാറില്‍നിന്ന് ആറുപേര്‍ ഇറങ്ങുന്നത് ഞാന്‍ എണ്ണിയതാണ്, പക്ഷേ, അഞ്ചുപേരെ കൊല്ലപ്പെട്ടിട്ടുള്ളൂ. ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വിയിലെ റെക്കോഡില്‍ ആറുപേരെ കൃത്യമായി കാണിക്കുന്നുണ്ട്’ എന്നാണ്. ദാസ് മുന്‍ഷി പറയുന്നത് നേരെങ്കില്‍ പൊലീസ് എന്തേ അഞ്ചുപേരുടെ കാര്യം മാത്രം പറയുന്നു? അപ്പോള്‍ ആറാമത്തെയാള്‍ ആരാണ്? അയാള്‍ ഇപ്പോള്‍ എവിടെ? കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വിചാരണവേളയില്‍ തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കാതിരുന്നതെന്തു കൊണ്ട്? അത് പൊതുസമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാതിരുന്നതെന്ത്?

4. ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ പാര്‍ലമെന്‍റ് പിരിഞ്ഞതെന്തിന്?

5. ഡിസംബര്‍ 13 കഴിഞ്ഞ് ദിവസങ്ങള്‍ക്കകം സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ആക്രമണത്തില്‍ പാകിസ്താന്‍െറ പങ്കിനെക്കുറിച്ച് ‘തര്‍ക്കരഹിതമായ തെളിവ്’ ലഭിച്ചെന്നാണ്. അര ദശലക്ഷം പട്ടാളക്കാര്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലേക്ക് നീങ്ങുന്നതായും അറിയിച്ചു. ഈ ഉപഭൂഖണ്ഡം ഒരു ആണവയുദ്ധത്തിന്‍െറ വക്കിലെത്തിയിരുന്നു. പീഡനത്തിനൊടുവിലുണ്ടായ അഫ്സലിന്‍െറ ‘വെളിപ്പെടുത്തല്‍’ അല്ലാതെ ( അതും സുപ്രീംകോടതി തള്ളിയിരുന്നു ) മറ്റെന്തായിരുന്നു ഈ ‘തര്‍ക്കരഹിതമായ’ തെളിവ്?

6. ഡിസംബര്‍ 13ന്‍െറ ആക്രമണത്തിന് ഏറെക്കാലം മുമ്പുതന്നെ പാക് അതിര്‍ത്തിയിലേക്ക് സൈനികനീക്കം ആരംഭിച്ചിരുന്നു എന്നത് നേരാണോ?

7. ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ഈ സൈനികസന്നാഹങ്ങള്‍ക്ക് ചെലവെത്രയായി? തെറ്റായി വിന്യസിച്ച കുഴിബോംബുകള്‍ പൊട്ടി എത്ര പട്ടാളക്കാരും സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്? ഗ്രാമങ്ങളിലൂടെ സൈനിക ട്രക്കുകളും ടാങ്കുകളും നിരങ്ങുകയും പാടങ്ങളില്‍ കുഴിബോംബുകള്‍ വിതക്കപ്പെടുകയും ചെയ്തതു മൂലം എത്ര പാവം കൃഷിക്കാരുടെ വീടും പറമ്പും നശിച്ചുപോയിട്ടുണ്ട്?

8. ഒരു കുറ്റാന്വേഷണത്തില്‍ ആരോപിതരിലേക്ക് നയിക്കപ്പെട്ട തെളിവുകള്‍ ശേഖരിച്ചതെങ്ങനെ എന്ന് പൊലീസ് വ്യക്തമാക്കേണ്ടത് നിര്‍ബന്ധമാണ്. എങ്ങനെയാണ് പൊലീസ് അഫ്സലിലേക്ക് എത്തിയത്? പ്രത്യേക സെല്‍ (ദല്‍ഹി പൊലീസിന്‍െറ) പറയുന്നത് എസ്.എ.ആര്‍ ഗീലാനി വഴി എന്നാണ്. എന്നാല്‍, ഗീലാനി അറസ്റ്റിലാകും മുമ്പേ അഫ്സലിന്‍െറ പങ്ക് സൂചിപ്പിക്കുന്ന സന്ദേശം ശ്രീനഗര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നെയെങ്ങനെ പ്രത്യേക സെല്‍ അഫ്സലിനെ ഡിസംബര്‍ 13 ആക്രമണവുമായി ബന്ധപ്പെടുത്തി?

9. അഫ്സല്‍ കീഴടങ്ങിയ തീവ്രവാദിയാണെന്നും ജമ്മുകശ്മീരിലെ പ്രത്യേക ദൗത്യസേനയടക്കമുള്ള സുരക്ഷാ സേനകളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും കോടതി വെളിപ്പെടുത്തുന്നു. അങ്ങനെയെങ്കില്‍ തങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലുള്ള ഒരാള്‍ ഇത്ര ഗൗരവതരമായ ഒരു ഭീകരാക്രമണത്തിന്‍െറ ഗൂഢാലോചനയില്‍ പങ്കാളിയായി എന്നത് സുരക്ഷാസേന എങ്ങനെ വിശദീകരിക്കും?

10. പ്രത്യേക ദൗത്യ സേനയുടെ പീഡനകേന്ദ്രങ്ങളിലും പുറത്തുമായി കര്‍ശന പൊലീസ് വലയത്തിലുള്ള ഒരാളെ ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് പോലുള്ള സംഘടനകള്‍ ഒരു പ്രധാന ഓപറേഷന്‍െറ മുഖ്യകണ്ണിയാക്കുമെന്നത് വിശ്വസനീയമാണോ?

11. പ്രത്യേക ദൗത്യസേനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന താരിഖ് എന്നയാള്‍ തന്നെ മുഹമ്മദിന് പരിചയപ്പെടുത്തി എന്നും ദല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു എന്നുമാണ് അഫ്സല്‍ കോടതി മുമ്പാകെ പ്രസ്താവിച്ചത്. പൊലീസിന്‍െറ കുറ്റപത്രത്തിലും താരിഖിന്‍െറ പേരുണ്ട്. ആരാണീ താരിഖ്? ഇയാള്‍ ഇപ്പോള്‍ എവിടെ?

12. 2001 ഡിസംബര്‍ 19ന് അതായത് പാര്‍ലമെന്‍റ് ആക്രമണത്തിന്‍െറ ആറാം നാള്‍ താനെ (മഹാരാഷ്ട്ര) പൊലീസ് കമീഷണര്‍ എസ്.എം. ശങ്കരി, ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാള്‍ ലശ്കറെ ത്വയ്യിബയിലെ മുഹമ്മദ് യാസിന്‍ ഫത്തഹ് മുഹമ്മദ് എന്ന അബൂഹംസയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. 2000 നവംബറില്‍ മുംബൈയില്‍ പിടിയിലായ ഇയാളെ ഉടനടി ജമ്മുകശ്മീര്‍ പൊലീസിന് കൈമാറിയിരുന്നതാണത്രേ. തന്‍െറ പ്രസ്താവനയെ സ്ഥാപിക്കാന്‍ വേണ്ട വിശദീകരണങ്ങളും അദ്ദേഹം നല്‍കി. ശങ്കരി പറഞ്ഞത് നേരെങ്കില്‍ കശ്മീര്‍ പൊലീസിന്‍െറ കസ്റ്റഡിയിലുള്ള മുഹമ്മദ് യാസീന്‍ എങ്ങനെ പാര്‍ലമെന്‍റ് ആക്രമണത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ടു? ശങ്കരി പറഞ്ഞത് ശരിയല്ലെങ്കില്‍ മുഹമ്മദ് യാസീന്‍ ഇപ്പോള്‍ എവിടെ?

13. പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് ‘ഭീകരര്‍’ ആരെല്ലാമാണെന്ന് ഇപ്പോഴും നമുക്കറിഞ്ഞുകൂടാത്തത് എന്തുകൊണ്ടാണ്?

Madhyamam Daily, Sun, 10/02/2013  


 

3 comments:

  1. "അഫ്സല്‍ കീഴടങ്ങിയ തീവ്രവാദിയാണെന്നും ജമ്മുകശ്മീരിലെ പ്രത്യേക ദൗത്യസേനയടക്കമുള്ള സുരക്ഷാ സേനകളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും കോടതി വെളിപ്പെടുത്തുന്നു"

    This confirms, he was a terrorist.

    For an Indian, this is enough to hang him,. Its our outdated judicial system caused the delay.

    Those who consider him as a "porali" or freedom fighter, its a brutal assassination. No one can help those guys, except, let them continue their fight along with other "കീഴടങ്ങിയ തീവ്രവാദി"s or such kind of people.

    "If you are fighting against terrorism, first you should be a terrorist" - Verses by KPS Gill. Thats how Punjab has become a good place to live and remain in India.

    ReplyDelete
  2. അഫ്സല്‍ കുറ്റക്കാരനാണെങ്കില്‍ തൂക്കിലിടണ്ട എന്നാരും പറഞ്ഞില്ല. ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം നല്‍കാനുള്ള ബാധ്യത ജനാധിപത്യ ഇന്ത്യക്കുണ്ട്‌. ഇത്‌ ഉഗാണ്ടയോ ഉത്തരകോറിയയോ, ചൈനയോ ,മറ്റോ ആയിരുന്നെങ്കില്‍ ഈ ചോദ്യമില്ല.

    സര്‍ക്കാരുകള്‍ സ്വയം ആക്രമണം സംഘടിപ്പിക്കുന്ന പ്രത്വേക സാഹചര്യമുള്ള ഇന്ത്യയില്‍ കീഴടങ്ങിയ തീവ്രവാദി എന്ന ലേബല്‍ വളരെ എളുപ്പമാണ്‌ , തൂക്കിലിടാന്‍ ....

    സംഘ പരിവാറിന്‍െറ സഹായത്തോടെ പി.ജെ കുര്യനും ഒരു സ്പോടനമോ ആക്രമണമോ സംഘടിപ്പിക്കാവുന്നതെയുള്ളു , അയാള്‍ക്കും ഇപ്പോള്‍ മാധ്യമങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ...

    ReplyDelete
  3. ജനാതിപത്യ ഇന്ത്യ നാണിക്കട്ടെ,
    ഈ വൃത്തികെട്ട രാഷ്ട്രീയ കൊലംതുള്ളലുകളെ കണ്ടു.

    ReplyDelete