Sunday, December 22, 2013

5 ലക്ഷത്തിന്റെ റിയാല്‍റ്റി ഷോകളും ചൂലുവസന്തവും !

.

ഇന്ത്യയില്‍ ഒരു "ചൂലുവസന്തം" സംഭവിക്കുകയാണ്‌. ചാക്ക്‌ രാധാകൃഷ്ണന്‍മാരെയും സോളാര്‍ സരിതമാരെയും വിഴുങ്ങി അജീര്‍ണ്ണം വന്ന്‌ കിടപ്പിലായ രാഷ്ട്രീയ പാര്‍ട്ടികളുടെ രോഗാതുര ഗ്യാപ്പില്‍ പൊതുജനം കയറിക്കളിക്കാന്‍ തീരുമാനിക്കുകയാണ്‌. പൊതുജനം "കഴുത" എന്ന പദവി രാജിവച്ച്‌ അരാഷ്ട്രീയമായ രാഷ്ട്രീയം പരീക്ഷിക്കാന്‍ തീരുമാനിച്ചുറപ്പിച്ചുകഴിഞ്ഞു. ഹൈക്കമാണ്ടിന്റെയും പോളിറ്റ്ബ്യൂറോ തീരുമാനങ്ങള്‍ക്കുപരിയായി തെരുവില്‍ നിന്ന് തീരുമാനം കൈക്കൊള്ളുന്ന നയപരിപാടികള്‍ക്ക്‌ ഭാവി കമ്മിയാണെങ്കിലും അതും പരീക്ഷിച്ച്‌ ഡള്‍ഹിയെതന്നെ തുടച്ച്‌ വൃത്തിയാക്കുന്ന ഉന്‍മാദം ജനങ്ങളനുഭവിക്കുന്നത്‌ സ്വപ്നസദൃശ്യമായ പുതിയതരം ജനാധിപത്യ രീതിയാണ്‌. ഇങ്ങനെയാണ്‌ പോക്കെങ്കില്‍ ഗ്രാമങ്ങളില്‍ വസിക്കുന്ന ഇന്ത്യയെ ചൂലൂകൊണ്ടുവരും.

ടി.പി വധത്തോടെ കേരളമനസ്സില്‍ നിന്ന്‌ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ട കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രഹസനസമരങ്ങള്‍ മുക്കുപണ്ട സമരങ്ങളായി മാറിയിട്ടും ഗുണ്ടാ നേതാക്കള്‍ക്ക്‌ മാത്രം കാര്യം മനസ്സിലാവുന്നുമില്ല. സന്ധ്യ എന്ന വീട്ടമ്മ നടത്തിയ "എന്തരു" പ്രതിഷേധത്തിനെതിരെ നോക്കുകൂലി സഖികളെ കൊണ്ടുവന്ന് വീട്ടമ്മ സമരമെന്ന പേരില്‍ ചുവന്ന ബ്ളൌസിട്ടിറക്കിയിട്ടും,  സന്ധ്യ എന്ന ഒറ്റസ്ത്രീയുടെ അയലത്തെത്താന്‍ അവര്‍ക്കുമായില്ല. ഏതായാലും കേരളത്തില്‍ ഇപ്പോല്‍ ഒരു റിയാല്‍റ്റി ഷോ സംഭവിക്കുകയാണ്‌. പ്രതികരണ ശേഷിയാണ്‌ ഐറ്റം. ക്ളിക്കായാല്‍ 5 ലക്ഷം ഉടനെ. ചാക്ക്‌ രാധാകൃഷ്ടന്‍ 'പ്ളീനം' ദിനത്തില്‍ നല്‍കിയ പരസ്യത്തെക്കാള്‍ പതിന്‍മടങ്ങ്‌ മൈലേജ്‌ 5  ലക്ഷം കൊണ്ട്‌ കൊച്ചൌസേപ്പ്‌ എന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള മുതലാളി അടിച്ചെടുത്തു.

കൊച്ചൌസേപ്പിന്റെ 'പ്രാക്ടിക്കള്‍ വിസ്‌ഡം' എന്ന പുസ്തകത്തില്‍ ഇങ്ങനെയൊരു വാചകമുണ്ട്‌ .. "ഒരുള്‍പ്പന്നനാമം തെരെഞ്ഞെടുക്കുമ്പോള്‍ നാവിനുവഴങ്ങാത്ത പേരുപയോഗിക്കാതിരിക്കുന്നതാണ്‌ നല്ലത്‌" അതുകൊണ്ടാണ്‌ 'പ്ളീന'ത്തില്‍ ചാക്ക്‌ രാധാകൃഷ്ണന്‍ പരാജയപ്പെടുകയും 'സന്ധ്യ'യില്‍ കോച്ചൌസേപ്പ്‌ വിജയിക്കുകയും ചെയ്തത്‌. ഇതാണ്‌ പൊതുജനത്തിന്റെ പള്‍സറിഞ്ഞ്‌ പ്രവര്‍ത്തിച്ചാലുള്ള ഗുണം.

കേരളത്തില്‍ ചൂലു രാഷ്ട്രീയത്തിന്റെ തൂപ്പ്‌ സംസ്കാരം പിറവികൊള്ളാനുള്ള എല്ലാ രംഗവിധാനവും സജ്ജമായിട്ടുണ്ട്‌. വി.എസ്‌ ആം ആദ്മിയായാല്‍ ഒരുപക്ഷേ പിണറായിയുടെ മുഖ്യമന്ത്രി മോഹത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്താനൊക്കും. എഴുത്തുകാരന്‍മാരായ ആനന്തും നട്ടെല്ല് രണ്ടെണ്ണമുള്ള സക്കറിയായും പിന്തുണയേകിയാല്‍ കേരളത്തിലും ചൂലുവസന്തം വരും.  ഇലക്ഷനെന്ന്‌ കേട്ടാല്‍ ഞെട്ടുന്ന രീതിയിലാണ്‌ രാഷ്ടീയ പാര്‍ട്ടികളുടെ ഇപ്പോഴത്തെ, പ്രത്വേകിച്ച്‌ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം. അവരിപ്പോല്‍ "ആം ആദ്മി"ക്ക്‌ പഠിക്കുകയാണ്‌. അഹങ്കാരത്തിന്റെയും ഹുങ്കിന്റെയും ശരീരഭാഷയുമായി ജനങ്ങളെ 'സേവി'ക്കാനിറങ്ങുന്ന രാഷ്ട്രീയ ജാഡകള്‍ അത്യാവശ്യം മനസ്സിലാക്കേണ്ടകാര്യം , അവര്‍ ധരിച്ചുവച്ചിരിക്കുന്നതുപോലെ പൊതുജനം അവരെ ഒട്ടും വിലമതിക്കുന്നില്ല എന്ന കേവലസത്യം.

ഇന്ത്യയില്‍ മുസ്ളിംകളായി ജനിച്ചുപോയതാണോ തെറ്റ്‌ എന്ന്‌ ചോദിച്ചുകൊണ്ട്‌ മുസഫറാബാദ്‌ അഭയാര്‍ഥിക്യാപില്‍ നൂറുകണക്കിനു മനുഷ്യര്‍ കൊടുംതണുപ്പില്‍ സ്വഗ്രാമങ്ങളിലേക്ക്‌ തിരിച്ചുപോകാനാവാതെ മരണത്തെ മുഖാമുഖം കണ്ട്‌ കഴിയുമ്പോള്‍, പട്ടേലിനു ലോകത്തിലെ ഏറ്റവും വലിയ വിഗ്രഹം പണിത്‌ ഗാന്ധിയെ തോല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഫാസിസം.  മുസഫറാബാദ്‌ ഇന്ത്യയിലല്ല  എന്ന മനോഭാവത്തിലാണ്‌ മറ്റുരാഷ്ട്രീയ പാര്‍ട്ടികള്‍.

വര്‍ഗീയ കലാപങ്ങളുടെ പിതാവാകുകയും അതില്‍ നിന്ന്‌ ജനിക്കുകയും ചെയ്ത നരേന്ദ്ര മോഡി , 5 സംസ്ഥാനങ്ങളിലെ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍  ഒരു തരംഗമായിരുന്നെങ്കില്‍, ഇലക്ഷനു ശേഷം അശേഷം അതുമാറി. തല്‍സ്താനത്ത്‌ മോഡിക്ക്‌ അഭിമുഖമായി അയാളുടെ മോടിയെ മറച്ചുകൊണ്ട്‌ ഒരു ഉദയചൂല്‍ പ്രഭാവം പരന്നിരിക്കുന്നു.

കഴിഞ്ഞ ഇരുപതോളം വര്‍ഷമായി ഉപയോഗിക്കാതെ സൂക്ഷിക്കുന്ന കന്നിയോട്ട്‌ ഇനി ചൂലിനു നല്‍കാനാണ്‌ പലരെയും പോലെ എന്റെയും തീരുമാനം.
.

3 comments:

  1. nalla ezuthu......... sathyamaanu..... choolu...rashtreeyam naadinte bhaavi nanmaykku upakarikkatte ............aashamsakal.

    ReplyDelete
  2. ഞാനും ശ്രമിച്ചു നോക്കാം.. ഒരു വോട്ട്‌ ചൂലിനായി..

    ReplyDelete