Tuesday, October 26, 2010

എ. അയ്യപ്പന്‍ : ഒരു ചോരത്തൂവല്‍ കണി

.
തിരുവനന്തപുരം ശ്രീകുമാര്‍ തിയറ്ററിന്‍റെ മുറ്റത്തുള്ള മരത്തിന്‍റെ ചുവട്ടില്‍ ചലിക്കുന്ന മനുഷ്യ ശവങ്ങളെ നോക്കി നിശ്ചലമയി കിടന്ന്‌ ശ്രീ എ.അയ്യപ്പന്‍ ചിരിച്ചു. ജീവിതത്തിന്‍റെയും വിശപ്പിന്‍റെയും ഭാരങ്ങളൊക്കെയും അഞ്ഞാഞ്ഞ്‌ എറിഞ്ഞുടച്ചതിന്‍റെ ആ അരാജകചിരി അന്നും അയാള്‍ സൂക്ഷിച്ചിരുന്നു.

മരണത്തെ മുറുകെപ്പിടിച്ച്‌ ജീവിതത്തിന്‍റെ ഇരുട്ടുകളെ തലകീഴാക്കി കയ്യില്‍ ചുറ്റിപ്പിടിച്ച്‌ ഒരു റാന്തല്‍ വെളിച്ചത്തില്‍ മനുഷ്യനെ അന്വേഷിക്കുകയായിരുന്നില്ല ശ്രീ അയ്യപ്പന്‍. സമാധിസ്ഥമായ പ്രതിഭയെ തന്‍റെ ഉള്ളുരുക്കങ്ങള്‍ക്ക്‌ ബലിയിട്ടുകൊണ്ട്‌ പേനകളില്‍ തീ നിറച്ച്‌ പേപ്പറുകളെ നീറ്റിക്കുകയും കാല്‍പ്പനികമായ എല്ലാ ഹൃദയങ്ങളെയും ക്ഷോഭങ്ങള്‍കൊണ്ട്‌ രോഷാകുലമാക്കുകയും ചെയ്യുകയായിരുന്നു ആ ചെറിയമനുഷ്യന്‍.

"ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാന്‍ ഇരയായി"
- (കവിയുടെ അവസാനവരികള്‍)

മരണം അദ്ധേഹം നേടിയെടുത്തെന്നുവേണം കരുതാന്‍. എല്ലാ സംഭ്രാന്തികളും അത്ഭുതങ്ങളും മനുഷ്യനെയുംകൊണ്ട്‌ മരണത്തിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ കെ.പി അപ്പന്‍ ഒരിക്കല്‍ എഴുതുകയുണ്ടായി. പക്ഷേ മരണത്തിന്‍റെ അത്ഭുതതാഴ്‌വരകളൊന്നും കവി അയ്യപ്പന്‍ ചുമന്നുനടന്നിരിക്കാന്‍ ഇടയില്ല.

കള്ളുശാപ്പുകളില്‍ നിറഞ്ഞുകവിഞ്ഞിരുന്ന സൌഹൃദത്തിന്‍റെ പൊള്ളകള്‍ക്കിടയിലും വന്‍ മരങ്ങളുടെ തണല്‍ ഈ അസ്തമയ സമയത്തെങ്കിലും അദ്ധേഹം ആഗ്രഹിച്ചിരിക്കണം. ഒരുതണല്‍ മരവും അദ്ദേഹത്തിന്‍റെ മദ്യത്തിന്‍റെ നിശ്വാസഗന്ധത്തെ ശ്വസിച്ചില്ല. എന്നാല്‍ അയ്യപ്പന്‍റെ അഴുകിയ ജഡത്തിന്‍റെ ഗന്ധതോഷ്‌മളതക്കായി വന്‍ തണല്‍മരങ്ങള്‍ ശിഖരങ്ങള്‍ മുളപ്പിച്ച്‌ ഊര്‍ന്നിറങ്ങുന്നത്‌ നമുക്കിപ്പോല്‍ കാണാം.

മരിച്ചമനുഷ്യന്‍റെ ജീവിതമായിരുന്നു ജീവിച്ചിരുന്ന കവി അയ്യപ്പണ്റ്റേതെന്നുള്ള നശിച്ചബോധമായിരിക്കണം അദ്ധേഹത്തിന്‍റെ മരണത്തെ നിര്‍വികാരമായോ ഞെട്ടലില്ലാതെയോ നാം കേള്‍ക്കുകയും, ഒരു ജ്ഞാനപീഠ അവാര്‍ഡിന്‍റെയത്രയും പ്രാധാന്യം അദ്ധേഹത്തിന്‍റെ മരണത്തിന്‌ കൊടുക്കാതിരിക്കാന്‍ നമ്മെ സജ്ജമാക്കിയത്‌.

അനാദരവുകള്‍ കാണിക്കുന്നതില്‍ ലഹരികാണിക്കുന്ന മലയാളിയുടെ ദുരഭിമാനവും ഈഗോയും , ലഹരികൊണ്ട്‌ കാമം മൂര്‍പിച്ച്‌ നെഞ്ചിന്‍ കൂടിന്‍റെ ചോരയില്‍ നിന്ന്‌ കവിതകള്‍ പെറ്റിട്ട്‌ കേരളത്തിന്‍റെ ആധുനികകവിതയുടെ നഗ്നമേനിക്ക്‌ തൂവലുകള്‍ പൊതിഞ്ഞുവച്ച ഒരു കവിയുടെ ജഡത്തെ ജീര്‍ണ്ണിച്ചവശമാക്കി പട്ടടയിലേക്കെടുക്കുമ്പോള്‍, കവിയുടെ മനുഷ്യ സമൂഹത്തോടുള്ള പുറംതിരിഞ്ഞു നടക്കലുകള്‍ക്ക്‌ ന്യായം നിശ്ചയമായും ഉണ്ടായിരുന്നു എന്ന്‌ നാം അടിവരയിട്ടു വയ്ക്കുന്നു.


നോവുകളില്‍ സതിയനുഷ്ടിച്ച്‌ ആനന്ദമടയാന്‍ കുതറിനടക്കുന്ന ആത്മാവുകള്‍ക്ക്‌ അയ്യപ്പന്‍ കവിതകള്‍ അത്‌ ആവോളം പകര്‍ന്നുനല്‍കിയിരുന്നു. അവാര്‍ഡുകള്‍ സൂക്ഷിക്കാന്‍ ഷെല്‍ഫുകള്‍ ഇല്ലാതെ തെരുവുകളില്‍ നിന്ന്‌ നോവുകള്‍ സ്വീകരിച്ച്‌ തെരുവുകളില്‍ തന്നെ എല്ലാ കാമങ്ങളും അമര്‍ത്തി നമ്മെ പിരിഞ്ഞ്‌ പോകുമ്പോല്‍ രണ്ടുവരികള്‍ കേരളത്തിന്‌ കണിവച്ചാണ്‌ അദ്ധേഹം മറയുന്നത്‌.

"പുലര്‍ച്ചക്ക്‌
ശില്‍പിയുടെ കിടക്കയില്‍
ഒരു വെള്ളത്തൂവലും
ഒരു ചോരത്തൂവലും കണിയാവും"
- (തൂവലുകള്‍)
.

4 comments:

  1. അമ്പ്
    ഏത് നിമിഷത്തിലും മുതുകില്‍ തറയ്ക്കാം.
    പ്രാണനുംകൊണ്ട് ഓടുകയാണ്.


    വേടന്‍റെ കുര കഴിഞ്ഞു
    റാന്തല്‍ വിളക്കുകള്‍ ചുറ്റും
    എന്റെ രുചിയോര്‍ത്ത്
    അഞ്ചെട്ടുപേര്‍
    കൊതിയോടെ.
    ഒരു മരവും മറ തന്നില്ല


    ഒരു പാറയുടെ വാതില്‍ തുറന്ന്
    ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
    അവന്റെ വായ്ക്ക് ഞാന്‍ ഇരയായി...


    (മരണത്തിന്‍റെ മുഷിഞ്ഞ മടിക്കുത്തില്‍ പൊതിഞ്ഞു വച്ച കവിയുടെ അവസാന കവിത. )

    ReplyDelete
  2. മണ്‍മറഞ്ഞ അയ്യപ്പനായിരിക്കും ഇനി കേരളത്തില്‍ വാഴ്ത്തപ്പെടാന്‍ പോകുന്നത്‌.

    ReplyDelete
  3. നട്ടുച്ചക്ക്
    ആരോ മുറിച്ചിട്ട മരത്തിലെ
    ഉണങ്ങിയ ഇലമറവില്‍
    പേരറിയാപക്ഷി
    വെയില്‍ കൊത്തിപ്പെറുക്കുന്നു...

    പകലില്‍ പഴുത്ത നിന്‍റെ നോട്ടം
    കനത്തു കനത്തു വരുമ്പോ
    തൊണ്ട നനയ്കാന്‍
    ഒരു കവിള്‍ വെള്ളം
    ചോദിച്ചേക്കാമവന്‍.

    ഇലമറവിലിരുന്ന പക്ഷി
    ഉറക്കം പിടിക്കുമ്പോഴേക്കും
    തെരുവിന്റെ ഓരം പറ്റി
    ഒരു വിലാപയാത്ര
    കടന്നു പോയേക്കാം....

    ReplyDelete
  4. നന്നായിട്ടുണ്ട്.ഇങ്ങിനൊക്കെ ഇടക്കൊക്കെ എഴുത് മാഷേ :))

    ReplyDelete