Friday, May 7, 2010

മൂടുപടവും മൂഢന്‍മാരും..

.
ഇന്ത്യന്‍ ഭരണഘടന വിശ്വാസാചരണത്തിലും പൌരസ്വാതന്ത്ര്യത്തിലും നല്‍കുന്ന അവകാശമെന്തായാലും, "മതേതരത്വം" സത്യത്തിന്‍റെ ഒരു അടയാളമായി ഭാവി രേഖപ്പെടുത്താന്‍ ഇടയില്ല എന്നാണു സമകാലിക ചുറ്റുപാടുകള്‍ നമുക്ക്‌ പറഞ്ഞുതരുന്നത്‌.

"വ്യക്തി ജീവിതത്തില്‍ മതേതരത്വം ഒരു സാന്നിധ്യമല്ല. മാധ്യമങ്ങളില്‍ ഉണ്ട്‌. ജനങ്ങളുടെ അനുഭവങ്ങളില്‍ ഇല്ല. അതിന്നാല്‍തന്നെ അത്‌ മരിച്ചൊരാശയവുമാണ്‌.." - കെ. പി അപ്പന്‍, പ്രകോപനങ്ങളുടെ പുസ്തകം

ദൈനംദിന ജീവിതത്തില്‍ നമുക്ക്‌ നിത്യവും അനുഭവപ്പെടുന്ന ഒരു സത്യപ്രസ്താവനയാണ്‌ കെ.പി അപ്പന്‍റെ മുകളിലുള്ള വരികള്‍. ക്രിസ്തുവിന്‍റെ ജനനം കുറിച്ചുകൊണ്ട്‌ കാലം രണ്ടായി വിഭജിക്കപ്പെട്ടു. പിന്നീട്‌ വിഭജിക്കപ്പെടുന്നതു 9/11 എന്ന സംഭവത്തോടെയും. പടിഞ്ഞാറിന്‍റെ അധീശമനസ്സ്‌ പാകപ്പെടുത്തിയ "സാംസ്കാരിക സംഘട്ടന" സിദ്ദാന്തങ്ങള്‍ മനുഷ്യരാശിയുടെ മനസ്സിനെയും പകുത്തിട്ടു.

"സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ ഭൂമിയിലെ മറ്റ്‌ ജനതക്ക്‌ മേല്‍ അടിച്ചേല്‍പ്പിക്കാനോ വ്യവസ്താപിതമായ അനീതി സമഗ്രവും കാര്യക്ഷമമായ കലയാക്കാനോ പാശ്ചാത്യരെപോലെ മറ്റൊരു സമൂഹത്തിനും സാധിച്ചിട്ടില്ല " - വിനിന്‍ പെരേര, ജെറമി സീബ്രൂക്‌, സാമ്രാജത്ത ഭീകരത : ചരിത്രം വര്‍ത്തമാനം

ഈ വ്യവസ്താപിതമായ അനീതിയുടെ കലയാണ്‌ കേരളത്തിലെ ചില സ്കൂളുകളിലെങ്കിലും നടപ്പാക്കാന്‍ ശ്രമം നടക്കുന്നത്‌. മുമ്പ്‌ അത്‌ ആംഗലേയ ഭാഷ സംസാരിക്കാത്ത കുട്ടികളുടെ തല മുണ്ഠനം ചെയ്യലായിരുന്നെങ്കില്‍ ഇന്നത്‌ മുസ്ളിം കുട്ടിയുടെ മൂടുപടത്തില്‍ എത്തി നില്‍ക്കുന്നുവെന്നു മാത്രം.

ക്രിസ്ത്യാനിയും മുസ്ളിമും ഹിന്ദുവും പങ്ക്‌ വച്ച ഭക്ഷണത്തിന്‍റെയും സംസ്കാരത്തിന്‍റെയും കൊടുക്കല്‍ വാങ്ങലുകള്‍ അപ്രത്യക്ഷമായി പോയത്‌ മനസ്സിനെ കാലം കൊണ്ട്‌ മുറിച്ചിട്ടത്‌ കൊണ്ടാണ്‌. സ്കൂല്‍ യൂണിഫോമുകള്‍ക്ക്‌ എത്ര പഴക്കം കാണും കേരളത്തില്‍. അതെത്രയായാലും അത്‌ അന്ത്രുവിന്‍റെ തൊപ്പിയുടെയും അന്തപ്പന്‍റെ കുരിശുമാലയുടെയും ഒരുമയുടെ പ്രായം വരില്ലെന്നുറപ്പാണ്‌.

മാനവികതയുടെയും അവന്‍റെ സംസ്കാരത്തിന്‍റെയും നൈതികതയുടെമേല്‍ കടംകൊള്ളുന്ന പാശ്ചാത്യ ശീലങ്ങള്‍, അത്‌ സ്കൂല്‍ യൂണിഫോമായാലും മനമ്പിരട്ടുന്ന സിദ്ധാന്തങ്ങളായാലും അപരന്‍റെ വിശ്വാസത്തെയും സംസ്കാരത്തെയും അവമതിക്കുകയും വെറുക്കുകയും ചെയ്യുന്നിടത്ത്‌ വച്ച്‌ അതിനെ മുറിക്കേണ്ടിയിരിക്കുന്നു.


"സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കില്‍ മൂടുപടം ഇട്ടുകൊള്ളട്ടെ"- 1 Corinthians 11:6

ഇത്‌ ബൈബില്‍ വചനം.

അപ്പോല്‍ "ബിലീവേര്‍സ്‌ ചര്‍ച്ചി"ന്‍റെ ദാഹം ബൈബിളിന്‍റെ മേലുള്ളതല്ല. അങ്ങനെയായിരുന്നുവെങ്കില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ തല മുണ്ഠനം ചെയ്തിട്ട്‌ വേണമായിരുന്നു മുസ്ളിം പെണ്‍കുട്ടിയെ സ്കൂളില്‍ നിന്ന് പുറത്താക്കേണ്ടിയിരുന്നത്‌.

'ബിലീവേര്‍സ്‌' മൂഢന്‍മാരുടെ മനസ്സിന്‍റെ മൂടുപടം മാറ്റാത്ത എന്ത്‌ സാംസ്കാരിക ഉന്നതിയാണ്‌ അവരുടെ സ്കൂളുകളിലൂടെ പഠിപ്പിക്കപ്പെടുന്നതെന്ന് കേരളം ജാഗ്രതയോടെ നോക്കിക്കാണുകയാണ്‌..
.

10 comments:

  1. മാതൃഭൂമി ഓണ്‍ലൈന്‍ പത്ര വാര്‍ത്തയില്‍ നിന്നും

    05 .05 .10 : മഫ്ത ധരിക്കുന്നതിന് തങ്ങളുടെ സ്‌കൂളില്‍ വിലക്കില്ലെന്നാണ് ബിലീവേഴ്‌സ് ചര്‍ച്ച് പി.ആര്‍.ഒ. ലെബി ഫിലിപ്പ് അറിയിച്ചത്. കുട്ടിയുടെ അമ്മയും ഒപ്പമെത്തിയവരും നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടതിനാലാണ് വിടുതല്‍ സര്‍ട്ടിഫിക്കറ്റില്‍ അപ്രകാരം എഴുതിക്കൊടുത്തത്. ഇതേ സ്‌കൂളില്‍ മഫ്ത ധരിച്ച് വേറെ കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും പി.ആര്‍.ഒ. അറിയിച്ചു. ശിരോവസ്ത്ര വിവാദത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ച് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 10 വര്‍ഷമായി ഇതേ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന തന്റെ മകള്‍ ഇക്കാലമത്രയും മഫ്തയണിഞ്ഞാണ് സ്‌കൂളിലെത്തിയിരുന്നതെന്നും കുട്ടിയുടെ പിതാവ് നസീര്‍ മുസലിയാര്‍ പറഞ്ഞു.

    07 .05 .10 : മഫ്ത (ശിരോവസ്ത്രം) ധരിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ഥിനിയെ തിരിച്ചെടുക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ ജില്ലാ കളക്ടര്‍ പി. വേണുഗോപാലിനെ അറിയിച്ചു. മഫ്ത ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തില്ലെന്നും അറിയിച്ചിട്ടുണ്ട്. വിഷയം കളക്ടറുടെ സാന്നിദ്ധ്യത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 3ന് ചര്‍ച്ച ചെയ്യും. ആലപ്പുഴ ഗുരുപുരം ബീലീവേഴ്‌സ് ചര്‍ച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധികൃതര്‍ സ്‌കൂളില്‍ നിന്ന് ടി.സി. നല്‍കപ്പെട്ട വിദ്യാര്‍ഥിനി മണ്ണഞ്ചേരി കൊടിയന്താറ്റ് നബാലയുടെ രക്ഷിതാക്കള്‍ എന്നിവരോട് ഹിയറിങ്ങിന് ഹാജരാകാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

    നബാലയെ സ്‌കൂളില്‍ തിരിച്ചെടുക്കണമെന്നും അല്ലാത്ത പക്ഷം സംസ്ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സി. റദ്ദാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയിരുന്നു. സംഭവത്തെതുടര്‍ന്ന് നബാല മാനസികമായി തളര്‍ന്നതായി നബാലയുടെ അച്ഛന്‍ നസീര്‍ മുസലിയാര്‍ പറഞ്ഞു. വീണ്ടും പ്രവേശനം നല്‍കിയതിനുശേഷം പ്രിന്‍സിപ്പല്‍ തന്റെ മകളോട് വിവേചനം കാട്ടില്ല എന്നതിന് എന്താണുറപ്പ് എന്നും നസീര്‍ മുസലിയാര്‍ ചോദിക്കുന്നു. നബാലക്ക് പ്രവേശനം നല്‍കാന്‍ ഒരുക്കമാണെന്ന് മണ്ണഞ്ചേരിയിലെ ഒരു സി.ബി.എസ്.ഇ. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ടി.സി. മാറ്റിക്കിട്ടണം. മറ്റു രേഖകളും ബിലീവേഴ്‌സ് ചര്‍ച്ച് സ്‌കൂളില്‍ നിന്ന് ലഭിക്കണം - നസീര്‍ മുസലിയാര്‍ പറഞ്ഞു. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്‌കൂളില്‍ തുടര്‍ന്നു പഠിക്കണോ വേണ്ടയോ എന്നതു വെള്ളിയാഴ്ചത്തെ ചര്‍ച്ചയ്ക്കുശേഷം തീരുമാനിക്കുമെന്നും നസീര്‍ മുസലിയാര്‍ പറഞ്ഞു.

    വ്യാഴാഴ്ച മുസ്ലീം ലീഗ്, എം.എസ്.എഫ്, പി.ഡി.പി. നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ഡി.വൈ.എഫ്.ഐ, കാമ്പസ് ഫ്രണ്ട്, എസ്.എസ്.എഫ്. എന്നീ സംഘടനകള്‍ സ്‌കൂളിന് മുന്നില്‍ പ്രകടനവും ധര്‍ണയും നടത്തി. കാമ്പസ് ഫ്രണ്ടിന്റെ മാര്‍ച്ചിനിടയില്‍ സ്‌കൂളിന് നേരെ കല്ലേറുണ്ടായി.
    ----------------
    ബക്കര്‍ ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കുവാന്‍ കേരളത്തില്‍ ഒരു ഭരണ സംവിധാനം ഉണ്ടല്ലോ. പിന്നെ എന്തിനാണ് ബക്കര്‍ ഇതൊരു അന്താരാഷ്‌ട്ര സാംസ്കാരിക പ്രശ്നം ആക്കുന്നത്?

    ReplyDelete
  2. കെ.പി. അപ്പന്റെ വാക്കുകളെയും, അത് മുന്നില്‍ കണ്ടിട്ടെന്നവണ്ണം അതിനുമുമ്പില്‍ താങ്കള്‍ നല്‍കിയ വീക്ഷണത്തേയും ഖണ്ഡിക്കുന്ന കാര്യമല്ലേ ശേഷം നല്‍കിയിരിക്കുന്നത്. മതേതരത്വം ഒരു അടയാളം പോലുമായി രേഖപ്പെടുത്താനിടയില്ല എന്നവാദവും, അത് പറ്റെ മരിച്ചുമണ്ണടിഞ്ഞു എന്ന വീക്ഷണവും അതിശയോക്തിപരമാണ്. മതേതരത്വത്തിന് ദൗര്‍ബല്യം ബാധിച്ചിട്ടുണ്ട് എന്നതാണ് ശരി. മതേതരത്വം നിലനില്‍ക്കുന്നത് കൊണ്ടല്ലേ സി.ബി.എസ്.സി ബോര്‍ഡ് പോലും പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്‌കൂളിനോട് വിശദീകരണം തേടിയത്. ഒരു വ്യവസ്ഥിതിയില്‍ ചില തത്വങ്ങള്‍ക്ക് നിരക്കാത്ത പ്രവര്‍ത്തനമുണ്ടാകുമ്പോള്‍ ആ വ്യവസ്ഥിതയെ അടച്ചാക്ഷേപിക്കുന്നത് ഗുണകരമാല്ല. ഭരണകൂടം തന്നെ ചിലപ്പോള്‍ മതേതരത്വത്തിന് മരണമണിമുഴക്കാറുണ്ട് ഗുജറാത്ത് കലാപവും അനുബന്ധ സംഭവങ്ങളെയും നമ്മുക്ക് ആ വിഭാഗത്തില്‍ പെടുത്താം. എന്നാല്‍ അതിനിടയില്‍ അവയുമായി നേര്‍ക്ക് നേരെ ബന്ധമില്ലാത്ത സംഘടനകളോ സ്ഥാപനങ്ങളോ ചില അരുതായ്മകള്‍ ചെയ്യുമ്പോഴേക്ക് ഈ രൂപത്തില്‍ പ്രതികരിക്കരുതെന്നാണ് എന്റെ അഭിപ്രായം. സ്വതവേ പൊതുജനങ്ങളുടെ പ്രതികരണം ആവശ്യത്തില്‍ കൂടുതലാണ് ഈ വിഷയത്തില്‍. എന്നാല്‍ അതിനേക്കാള്‍ ഗൗരവപ്പെട്ട വിഷയങ്ങള്‍ ശ്രദ്ധിക്കാതെ പോകുകയും ചെയ്യുന്നു. ഉദാഹണം ഇന്നലെ കിനാലൂരില്‍ നടന്നത്.

    ക്ഷമയുടെ ഈ വിഷയകമായ പ്രതികരണത്തിന് ഒരു കയ്യൊപ്പ്.

    പ്രതികരണത്തില്‍ ബഹുജനങ്ങളുടെ വികാരത്തെ ഗുണപരമായി നിയന്ത്രിക്കാനും, പ്രതികരിക്കേണ്ട ചില വിഷയത്തിലേക്ക് ശ്രദ്ധതിരിക്കാനും ബ്ലോഗുകള്‍ സഹായകമാകണം. യുക്തിവാദികളെപ്പോലെ തങ്ങളുടെ മാനസിക വൈകൃതങ്ങളെ തൃപ്തിപ്പെടുത്തുന്നവയില്‍ മാത്രം ഗംഭീര പ്രതികരണവും അല്ലാത്തിടത്ത് കനത്ത നിശഃബ്ദതയും വിശ്വാസികളില്‍നിന്ന് സംഭവിക്കാവതല്ല.

    അതൊടൊപ്പം താങ്കളുടെ അഭിപ്രായം തുറന്ന് പ്രകടിപ്പിക്കുന്ന ഈ പോസ്റ്റിന് അഭിനന്ദനങ്ങള്‍....

    ReplyDelete
  3. ക്ഷമ,

    ഇതൊരു അന്താരാഷ്ട്ര പ്രശ്നമായി കാണാനല്ല ഇതെഴുതിയത്‌. പലപ്പോഴും നമ്മെ മാനസികമായി അടിമപ്പെടുത്തുന്ന പാശ്ചാത്യ ശീലങ്ങല്‍ക്ക്‌ ഇവിടെ നിലമൊരുങ്ങുന്ന പ്രവണതയാണ്‌ ചൂണ്ടിക്കാട്ടിയത്‌. അതിനു ഒരു മതം മൊത്തം കൂട്ടുനിന്നു എന്നല്ല വായിച്ച്‌ മനസ്സിലാക്കേണ്ടതും.

    ReplyDelete
  4. പ്രിയ ലതീഫ്‌,

    കെ.പി അപ്പനെ പോലൊരാല്‍ മതേതരത്വത്തെ കുറിച്ച്‌ അശുഭാപ്തി വിശ്വാസിയാവുന്നതല്ല അദ്ധേഹത്തിണ്റ്റെ വാക്കുകളില്‍ വീണുകിടക്കുന്നത്‌. മറിച്ച്‌ കാലം കേരളത്തെ മുന്നോട്ട്കൊണ്ട്‌ പോകുന്ന വഴിയെകുറിച്ച്‌ ഉള്‍കണ്ഠപ്പെടുകയാണ്‌.

    ഇന്ത്യയിലും, പ്രത്വേകിച്ച്‌ കേരളത്തില്‍ മതേതരത്വം മരിച്ചിട്ടില്ലെന്നതിനു തെളിവ്‌ തന്നെയാണ്‌ ഈ ബിലീവേര്‍സ്‌ ചര്‍ച്ഛും മ'ആദിന്‍ അകാഡമികളും നിലനില്‍ക്കുന്നതിണ്റ്റെ ബാഹ്യ തെളിവ്‌.

    പക്ഷേ നിഴല്‍ പരക്കുന്നതെന്തെന്നാല്‍, ലത്തീഫ്‌ സൂചിപ്പിക്കുന്നത്‌ പോലെ അതിണ്റ്റെ പരിക്ക്‌ പറ്റിക്കിടക്കുന്ന മതേതരത്വത്തിനു 'മൂടുപട'ത്തിണ്റ്റെ പുറത്താക്കലുകള്‍ മരണമണിയാണോ മുഴക്കുന്നതെന്ന ചിന്ത അതിശയോക്തിപരമായി പ്രകടിപ്പിക്കേണ്ടിവരുന്നത്‌ അതിണ്റ്റെ ആശങ്കകള്‍ മാറട്ടെ എന്ന ശുഭാപ്തി വിശ്വാസത്തിലാണ്‌.

    അതാണു എഴുത്തുകാര്‍, കെ.പി അപ്പനെപ്പോലുള്ളവര്‍ ചെയുന്നത്‌. അതിനോട്‌ എനിക്ക്‌ പ്രതിപത്തിയാണ്‌.

    ReplyDelete
  5. >>> മതേതരത്വത്തിനു 'മൂടുപട'ത്തിണ്റ്റെ പുറത്താക്കലുകള്‍ മരണമണിയാണോ മുഴക്കുന്നതെന്ന ചിന്ത അതിശയോക്തിപരമായി പ്രകടിപ്പിക്കേണ്ടിവരുന്നത്‌ അതിണ്റ്റെ ആശങ്കകള്‍ മാറട്ടെ എന്ന ശുഭാപ്തി വിശ്വാസത്തിലാണ്‌. <<<

    ഇത്തരം ആശങ്കകള്‍ പോലുമുണ്ടാകുന്നില്ലെങ്കില്‍ മതേതരത്വത്തിന്റെ മരണമണിയുടെ മുഴക്കക്കത്തിന് ശക്തികൂടും എന്നുതന്നെ ഞാനും കരുതുന്നു. അതിനാല്‍ ചര്‍ചയുടെ ആരംഭം അതിന്റെ യഥാര്‍ഥ തലത്തിലേക്ക് താഴ്തിവെച്ചു എന്ന് മാത്രം. വിശദീകരണം നല്‍കിയതിന് നന്ദി.

    ReplyDelete
  6. അവസാനം ലഭിക്കുന്നത് നല്ല വാർത്തകളാണു. നമുക്ക് ശുഭപ്രതീക്ഷകരാകാം

    ReplyDelete
  7. അതെ, നല്ല വാര്‍ത്തകള്‍ക്കായി നമുക്ക് കാതോര്‍ക്കാം

    കാര്യങ്ങള്‍ വ്യക്തമാക്കിയതിന് ബക്കറിന് നന്ദി.

    ReplyDelete
  8. എന്തുകൊണ്ട് കേരളത്തില്‍ മതസൌഹാര്‍ദ്ദം പുലരണമെന്നാഗ്രഹിക്കുന്നവര്‍ ഈ നീചപ്രവര്‍ത്തിക്കെതിരേ പ്രതികരിക്കുന്നില്ല?

    ReplyDelete
  9. പഠിപ്പിക്കുന്ന കന്യാസ്ത്രീകൾക്ക് ശിരോവസ്ത്രമാവാം പഠിക്കുന്ന താത്തക്കുട്ടികൾക്ക് അതു പാടില്ല എന്ന് ശഠിക്കുന്നത് ശരിയല്ല. മഫ്ത കാണുമ്പോൾ കാണുമ്പോൾ ചില മാഷന്മാർക്ക് മതേതരത്വം നുരയുന്നതെന്താണ്? . ഭക്തിഗാനങ്ങളോടു കൂടിയ വിദ്യാരംഭവും കുരിശുവരക്കലുമൊക്കെ കുട്ടികളിൽ നിർബ്ബന്ധിതമാക്കുമ്പോൾ മരിച്ചുപോകുന്ന സാധനത്തിന്റെ പേരാണ് മതേതരത്വം എന്ന് നമ്മുടെ മാഷന്മാർക്ക് ആരാണ് ഇനി പഠിപ്പിച്ചുകൊടുക്കുക?

    ReplyDelete
  10. >>>>ഇന്ത്യന്‍ ഭരണഘടന വിശ്വാസാചരണത്തിലും പൌരസ്വാതന്ത്ര്യത്തിലും നല്‍കുന്ന അവകാശമെന്തായാലും, "മതേതരത്വം" സത്യത്തിന്‍റെ ഒരു അടയാളമായി ഭാവി രേഖപ്പെടുത്താന്‍ ഇടയില്ല എന്നാണു സമകാലിക ചുറ്റുപാടുകള്‍ നമുക്ക്‌ പറഞ്ഞുതരുന്നത്‌.>>>>

    ബകര്‍:മതേതരത്വത്തിന്റെ മതം ഇന്നും നിര്‍വചിക്കപ്പെടാതെയിരിക്കുമ്പോള്‍ ; തീര്‍ച്ചയായും, അടിവരയിടേണ്ട ഒരു പ്രസ്താവ്യമാണിത്. ; ഇന്ത്യന്‍ സാഹചര്യത്തില്‍ മതേതരത്തിന്റെ നിര്‍വചനവും പ്രായോഗികതയും പഠിക്കാന്‍ ശ്രമിക്കുക; പിന്നെ ഇന്ത്യന്‍ ഭൂരിപക്ഷ ജനതയുടെ വിവേചനബുദ്ധുയില്‍ അഭിമാനിക്കുക.
    മാവേലികേരളത്തിന്റെ - ഇന്ത്യ ഒരു സെക്കുലര്‍ രഷ്ട്രമാണോ എന്ന ഒരു പഴയ ചര്‍ച്ച ഈ ചിന്തകള്‍ക്ക് ഒരു സഹായമാവും.

    ReplyDelete